ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും

വയനാട്: ബെയ്ലി പാലം കടന്ന് ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കളക്ടറേറ്റിൽ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് (ജൂലൈ 5) മുതൽ ഒരു ദിവസം രാവിലെ ആറ് മുതൽ ഒമ്പത് വരെ ബെയ്ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതൽ ആളുകൾ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവർത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്കോ, പുറത്തുള്ളവർക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാൻ അനുവാദമില്ല. കളക്ഷൻ പോയിന്റിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേൻമയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂർ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതൽ പരിശോധന നടത്തും. രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തിയത്. ഒന്ന് പരപ്പൻപാറയിൽ നിന്നും മറ്റൊന്ന് നിലമ്പൂരിൽ നിന്നും. നിലമ്പൂരിൽ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവും ലഭിച്ചു.

കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുത്. ലൈവ് ആയി വരുന്ന പല ദൃശ്യങ്ങളും ക്യാമ്പിലെ കുട്ടികൾക്ക് ബന്ധുക്കൾക്കും വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ ലൈവ് ആക്കി നൽകുന്നതോടെ കൂടുതൽ ആളുകളെ തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദുരിത ബാധിത മേഖലയിൽ പരിശോധനയ്ക്ക് മീററ്റിൽ നിന്ന് ആർമിയും പ്രത്യേക പരിശീലനം നേടിയ നാല് ‘നായകളെ കൂടി വ്യോമ മാർഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.