കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പുകൾ വീടാണെന്ന് കണ്ടായിരിക്കണം ഇടപെടേണ്ടത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യതയ്ക്ക് വിലകൽപ്പിക്കണം. ക്യാമ്പുകളിൽ കഴിയുന്നവർ വലിയ മാനസിക വിഷമത്തിലാണുള്ളത്. ക്യാമ്പുകളിൽ പോയി അഭിമുഖം എടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലപ്പുറ ജില്ലയിൽ നിന്ന് മൂന്നെണ്ണവും വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് 11 എണ്ണവും കണ്ടെത്തി. സ്‌കൂൾ നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് മാത്രം എട്ട് മൃതദേഹം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുപേരെ ഇന്ന് ജീവനോടെ പടവെട്ടിക്കുന്നിൽ നിന്ന് രക്ഷിക്കാനായി. നിലവിൽ 597 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 ക്യാമ്പുകളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ആകെ 2303 പേരാണ് ക്യാമ്പുകളിൽ കഴിയുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

