രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടി; ഡിസാസ്റ്റർ ടൂറിസം വേണ്ടെന്ന് പോലീസ്

വയനാട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഡിസാസ്റ്റർ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പോടെയുള്ള പോസ്റ്റർ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്കിൽ പങ്കുവച്ചു. രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടിയെന്നും പോലീസ് വ്യക്തമാക്കി. ദുരന്തപ്രദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടിയെന്നും പോലീസ് വ്യക്തമാക്കി.

വയനാട്ടിൽ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിർദേശം നൽകിയിരുന്നു.. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെചെയ്താൽ തടയപ്പെടുന്നത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.