ബെയ്ലി പാലത്തിനുള്ള നിർമാണസമഗ്രഹികൾ ഉച്ചയോടെ എത്തും; രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജൻ

കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ഉച്ചയോടെ ബെംഗളൂരുവിൽ നിന്നെത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്നും മന്ത്രി അറിയിച്ചു.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 184 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചിൽ നടത്താൻ കൂടുതൽ സൈന്യം രംഗത്തെത്തി. ചൂരൽമലയിൽ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചൽ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചിൽ നടത്തും.

ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരൽമലയിൽ സൈന്യം രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരൽമലയിൽ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ആദ്യപരി?ഗണന എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവർത്തകരുമുണ്ട്.