100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാഷ്‌ട്രമായിരിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി തലമുറ അഭിമാനത്തോടെ വികസിത ഭാരതത്തിൽ ജീവിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം നേടുമ്പോൾ നമ്മൾ ഒരു ദരിദ്ര രാഷ്ട്രമായിരുന്നു. രാജ്യത്തെ ചൂഷണം ചെയ്യാനെത്തിയവർ അവസാനം വരെ അത് ചെയ്തു. നൂറ് വർഷത്തിനുള്ളിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച് നാം നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കും. 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റിനുശേഷമുള്ള യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ നയങ്ങൾ, പ്രതിബദ്ധത, ദൃഢനിശ്ചയം, തീരുമാനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ആഗോള പുരോഗതിയുടെ അടിത്തറയായി മാറുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.