അതീവ ദാരുണ പ്രക്യതി ദുരന്തം; വയനാട്ടിലെ ഉരുൾപൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവരുന്ന മരണസംഖ്യാ കണക്കുകളിൽ ഇനിയും മാറ്റം വരാമെന്നും സാധ്യമാകുന്ന എല്ലാ രീതിയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. പരിക്കേറ്റവർക്ക് ചികിത്സ ഒരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45 ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. വിവിധ ജില്ലകളിൽ നിന്ന് പൊലീസിന്റെ ഡ്രോൺ സംഘങ്ങളെ നിയോഗിച്ചു. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ രണ്ട് പൊലീസ് ഡോഗുകൾ വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്തും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും. 20000 ലിറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ട് വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു.

ചുരൽമലയിൽ മദ്രസയിലും പോളിടെക്‌നിക്കിലൂം താൽക്കാലിക ആശുപത്രികൾ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ മോർച്ചറികൾ എത്തിക്കും. അധികമായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ എത്താൻ നിർദ്ദേശം നൽകി. അപകടസ്ഥലം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമല്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തസ്ഥലം സന്ദർശിക്കാൻ ശ്രമിക്കരുത്. പ്രാധാന്യം രക്ഷാപ്രവർത്തനത്തിന്. അതിൽ പങ്കാളികളാകുന്നവർ മാത്രമേ അങ്ങോട്ട് പോകാവൂ. കാഴ്ചക്കാരായി അങ്ങോട്ട് പോകരുത്. ദുരന്ത മേഖലയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണം. ഭീതി പടർത്താതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.