തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും 75 ശതമാനം ബാറുകളിൽ നിന്നും നികുതി കുടിശിക പിരിക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധത്തിന്റെ പേരിലാണെന്ന് അദ്ദേഹം പറഞ്ഞു.
ബാർ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാൽ അവരുടെ മുന്നിൽ സർക്കാർ മുട്ടിടിച്ചു നില്ക്കുകയാണ്. സംസ്ഥാനത്തെ ബാറുകളിൽ ബഹുഭൂരിപക്ഷം വരുന്ന 606 ബാറുകൾ നികുതി കുടിശിക വരുത്തിയെന്ന് സമ്മതിച്ച ധനമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകണമന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർ കെട്ടുതാലിവരെ വിറ്റ് നാനാതരം നികുതികൾ അടയ്ക്കുമ്പോഴാണ് ബാർ മുതലാളിമാരെ ധനമന്ത്രി എണ്ണതേച്ച് കുളിപ്പിക്കുന്നത്. കേരളീയം പരിപാടി ഉൾപ്പെടെയുള്ള സർക്കാരിന്റെ ധൂർത്തും ആഢംബരവും സ്‌പോൺസർ ചെയ്യുന്നത് ബാറുകാരാണ്. യഥേഷ്ടം ബാറുകളും വൈൻ പാർലറുകളും അനുവദിക്കുന്നതോടൊപ്പമാണ് നികുതി കുടിശിക കണ്ടില്ലെന്നു നടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎൽഎ സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കോടികളുടെ നികുതി പിരിവിലെ വീഴ്ച ധനകാര്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത്. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി ഡ്രൈ ഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാൻ ബാറുടമകൾ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്ത ശബ്ദസന്ദേശം പുറത്ത് വന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സർക്കാരിന് മദ്യമുതലാളിമാരോടുള്ള കടപ്പാടിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

