ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷപചക്രം അർപ്പിക്കുകയും ചെയ്തു.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാർഗിൽ വിജയ ദിവസത്തിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധ സ്മാരകത്തിനുമുകളിൽ പുഷ്പവൃഷ്ടി നടത്തി.
ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷിക ദിനമായതിനാൽ ഇന്ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 25-ാം വാർഷികദിനമായതുകൊണ്ടുതന്നെ കാർഗിൽ യുദ്ധ വിജയവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും. ഇതിനുശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

