തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിൽ കുറവുണ്ടാകുക. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻറെ വലിയ പരാജയത്തിന് ഒരു കാരണമായി കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. അത് കൊണ്ട് ആ വിഷയത്തിൽ വളരെ പെട്ടെന്നുള്ള ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്‌ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

