തിരുവനന്തപുരം: മേൽപാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകൽപ്പനാ നയ (ഡിസൈൻ പോളിസി) ത്തിന്റെ ഭാഗമായുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആരംഭിക്കുന്നു. ആദ്യ പദ്ധതിക്ക് നാളെ കൊല്ലത്ത് തുടക്കമാകും. കൊല്ലം എസ്എൻ കോളേജിനു സമീപമുള്ള റെയിൽവേ മേൽപാലത്തിന്റെ അടിവശമാണ് സൗന്ദര്യവൽക്കരിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30 ന് കൊല്ലം നെഹ്‌റു പാർക്കിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ സംബന്ധിക്കും.
മേൽപാലത്തിനു കീഴിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 70 സെൻറ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വാക്കിംഗ് ട്രാക്കുകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണ കിയോസ്‌കുകൾ, ബാഡ്മിൻറൺ-ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്‌കേറ്റിംഗ് ഏരിയ, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ മുതലായവ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പൂർത്തിയായ ശേഷം നടത്തിപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം ഭാവി പരിപാലനത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ആണ് പദ്ധതിയുടെ രൂപകൽപ്പന നിർവ്വഹിച്ചിട്ടുള്ളത്. ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ മേൽനോട്ടം കെടിഐഎല്ലിനാണ്. പദ്ധതി നടപ്പാക്കുന്നതിനായി 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെൻറ് കൺസൾട്ടൻറ് ആയി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെയാണ് ടൂറിസം വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ, മറ്റ് അനുബന്ധ വകുപ്പുകൾ മുതലായവ ചേർന്നായിരിക്കും.
നിർമ്മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് എൻ, കൗൺസിലർ എ.കെ സവാദ്, കെടിഐഎൽ ഡയറക്ടർ ഡോ. മനോജ് കുമാർ കെ തുടങ്ങിയവരും പങ്കെടുക്കും.