തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് വയനാട് സുൽത്താൻ ബത്തേരിയിലെ കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചതെന്നും ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമർശിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും ക്യാമ്പിലുണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
എന്നാൽ ക്യാമ്പിൽ കെ മുരളീധരനെ ചിലർ വിമർശിച്ചതായി ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്.കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ്വും ദിശാബോധവും നൽകുന്ന ചർച്ചകളാണ് കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നത്. കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമാണ് സംഘടനാചർച്ചകൾ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാർത്ത എവിടെന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ വാർത്ത പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിധരിപ്പിക്കുന്നത് മാത്രമാണ്. നല്ലരീതിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടിവിന്റെ മഹത്വവും പ്രസക്തിയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായാണ് ഈ വാർത്തയെ കെപിസിസി കാണുന്നത്. ഈ വാർത്തകളുടെ ഉറവിടം പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത തകർക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാർത്തകൾ. തെറ്റുതിരുത്താൻ ഈ മാധ്യമങ്ങൾ തയ്യാറാകണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.