പാമ്പൻ പാലത്തിന്റെ നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാകും; ഇന്ത്യൻ റെയിൽവേ

രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ. ഉടൻ തന്നെ ട്രയൽ റൺ നടത്തുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. റെയിൽവെയുടെ ബോർഡ് അംഗം അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനത്തിലിരിക്കുന്ന മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും അധികൃതർ പറഞ്ഞു.

പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മൂലമാണ് പാലത്തിന്റ നിർമ്മാണം നീണ്ടുപോയത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്രെയിൻ പോകേണ്ട സമയങ്ങളിൽ പാലം പൂർവ്വസ്ഥിതിയിലായിട്ടുണ്ടാകും.

റെയിൽവേയാണ് ഈ വെർട്ടിക്കൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ളതാണ് പഴയ പാലം. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് 2022 ഡിസംബർ 23 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്.