തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) മേഖലയിൽ തദ്ദേശീയ സംഭാവനകൾ നൽകുന്നതിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാൻ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും ചർച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെൻ എഐ ഹബ്ബ് ആയി ഉയർത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോൺക്ലേവ്. ജെൻ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകൾ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തിൽ കോൺക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തിൽ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയിൽ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു.
സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യജീവൻ രക്ഷിക്കാൻ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാർഷികോൽപ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങൾ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിൽ എഐ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പരിശീലനം നൽകിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്ന വ്യവസായ നയത്തിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. നിർമ്മിത ബുദ്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം വ്യവസായ നയത്തിന് ആഗോള ശ്രദ്ധ നേടുന്നതിനും കോൺക്ലേവ് വഴിയൊരുക്കും. ജെൻ എ ഐ കോൺക്ലേവിന്റെ തുടർച്ചയായി റോബോട്ടിക്സിനെക്കുറിച്ചുള്ള ഒരു സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ് മുതൽ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥാ പ്രവചനം, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളുടെ സാഹചര്യത്തിൽ ജലസേചനം, ബീജസങ്കലനം, കീട പ്രതിരോധം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിഹാരങ്ങൾ, പകർച്ചവ്യാധി പ്രതിരോധം, വന്യജീവികളുടെ കൈയേറ്റവും വേട്ടയാടലും തടയുന്നതിനുള്ള പരിഹാരങ്ങൾ, കൃത്യമായ സ്ഥലത്ത് ആരോഗ്യകരമായ മീനിന്റെ ലഭ്യതയുടെ പ്രവചനം, വായു, ജലം മുതലായവയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ, ഗതാഗതം നിയന്ത്രണ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാതൃകകൾ സൃഷ്ടിച്ചാൽ വലിയ മാറ്റം സാധ്യമാകും.
ജനറേറ്റീവ് എഐയ്ക്കായി വലിയ ഭാഷാ മോഡലുകളിൽ (എൽഎൽഎം) മലയാളം മെച്ചപ്പെടുത്തുന്നതിന് നമുക്ക് കൂടുതൽ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.. ശക്തമായ മലയാളം കമ്പ്യൂട്ടിംഗ് കമ്മ്യൂണിറ്റികൾ ഉണ്ടായിരുന്നിട്ടും, പല എൽ. എൽ. എമ്മുകളും നിലവിൽ മലയാളവുമായി മല്ലിടുന്നു. ഇത് തദ്ദേശീയമായി സംസാരിക്കുന്നവർക്ക് ഉപയോഗപ്രദമല്ല. ഭാഷാശാസ്ത്രജ്ഞരുടെയും എ ഐ വിദഗ്ധരുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ മികച്ച ഡാറ്റ സെറ്റുകൾ നിർമ്മിക്കാനും അൽഗോരിതങ്ങൾ പരിഷ്‌കരിക്കാനും കൂടുതൽ കൃത്യമായ ഭാഷാ മാതൃകകൾ സൃഷ്ടിക്കാനും കഴിയും. ഇതുവഴി മലയാളം നന്നായി മനസിലാക്കാനും ഉപയോഗിക്കാനും എൽ. എൽ. എമ്മുകളെ സഹായിക്കും, ഈ സാങ്കേതികവിദ്യകളിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്നും ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ഭാഷ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കും.
ഇ-ഗവേണൻസ് പ്ലാറ്റ് ഫോമുകളിലേക്കും വിവിധ സിറ്റിസൺ പോർട്ടലുകളിലേക്കും ജനറേറ്റീവ് എഐയുടെ ശക്തി സംയോജിപ്പിക്കുന്നത് സർക്കാർ സേവനങ്ങളെ വേഗത്തിലാക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.
ഡ്രോണുകൾ, സാറ്റലൈറ്റ് ഇമേജറി, ഗ്രൌണ്ട് സെൻസറുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിക്കാനും എ ഐ ഉപയോഗിക്കാം. കാര്യക്ഷമമായ വിഭവ ഉപയോഗവും മികച്ച പദ്ധതി ഫലങ്ങൾ ഉറപ്പാക്കാനും എ ഐക്ക് കഴിയും. പദ്ധതി ആസൂത്രണ സർവേകൾ ലളിതമാക്കാനും മെച്ചപ്പെടുത്താനും എ ഐ ഉപയോഗിക്കാൻ കഴിഞ്ഞാൽ വിപ്ലവകരമായ മാറ്റം സാധ്യമാകും.
എ ഐ ഉപയോഗിച്ചുള്ള തട്ടിപ്പ്, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങി ഈ രംഗത്തെ അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സുസ്ഥിര വികസനത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. നാലാം വ്യാവസായികവിപ്ലവത്തെ ആവേശത്തോടെയും ദീർഘവീക്ഷണത്തോടെയും സ്വീകരിച്ച് വ്യവസായം 4.0 സജ്ജമാക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ബിഗ് ഡാറ്റ, ക്ലൌഡ് കമ്പ്യൂട്ടിംഗ്, സൈബർ ഫിസിക്കൽ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകളുടെ പരിവർത്തന സാധ്യതകൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലി, ഐ ബി എം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, കെ എസ് ഐ ഡി സി ചെയർമാൻ പോൾ ആന്റണി, ഐടി മിഷൻ ഡയറക്ടർ അനു കുമാരി, കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥൻ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.