വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥൻ; ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിൽ നിന്ന് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാമെന്ന് കോടതി ഉത്തരവിട്ടു.

മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് അറിയിച്ചു. വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങൾ ഭർത്താക്കൻന്മാർ തിരിച്ചറിയണം. ഗൃഹനാഥയായ ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ വസ്തുതയും ഒരു വീട്ടമ്മയുടെ പങ്കും, ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി കൂട്ടിച്ചേർത്തു.