വിയന്ന: നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.