തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് മുൻ സി ഐ എസ് വിജയനാണ് കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സിബിഐ കുറ്റപത്രം നൽകിയത് മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ്. സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നാണ് സിബിഐ പറയുന്നത്.
ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.