തട്ടിപ്പുകാർക്കെതിരെ കർശന നടപടി എടുക്കും; പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി എസ് സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകൾ നാട്ടിൽ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകൾ നടത്താൻ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ആ നടപടിക്ക് സർക്കാർ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരി വാരി തേയ്ക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

1956 നു ശേഷം പ്രവർത്തിക്കുന്ന പി എസ് സിയിൽ 1982 ൽ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ൽ 13 ഉം 1984 ൽ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005 ലാണ്, അത് 18 ആയി. 2013 ആയപ്പോൾ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വർഷങ്ങങളെല്ലാം യു ഡി എഫ് ഭരണകാലത്താണ്. ഇതേവരെ എൽ ഡി എഫ് സർക്കാർ അംഗത്വത്തിൽ വർദ്ധനവ് വരുത്തിയിട്ടില്ല. 2016 ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ 21 അംഗങ്ങൾ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോൾ ഞങ്ങൾ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങൾ ഒരു എണ്ണവും വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി എസ് സി അംഗങ്ങളായി നിയമിക്കപ്പെടുന്നവരെക്കുറിച്ച് പൊതുവിൽ വലിയ ആക്ഷേപങ്ങളൊന്നും ഉയർന്നുവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ നാം ഓർക്കേണ്ട കാര്യം, 2004 ൽ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നുവന്നിരുന്നു. അതിൽ അന്തരിച്ചു പോയ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആ ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്. സർവ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാൻ അർഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പി.എസ്.സിയുടെ പ്രവർത്തനമെടുത്ത് പരിശോധിച്ചാൽ നിയമിക്കപ്പെട്ട പി എസ് സി അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പി എസ് സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയർന്നുവന്നിട്ടില്ല. ഭരണഘടന ഉറപ്പു നൽകുന്ന തരത്തിലുള്ള കൃത്യമായ ചുമതല ഇവർ നിറവേറ്റുന്നുവെന്നാണ് നമുക്കു കാണാൻ കഴിയുന്ന വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഈ പ്രശ്‌നം ഇവിടെ ഉന്നയിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപോൽബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാൽ, ഇന്നു കാലത്ത് 8.21 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നുപറഞ്ഞു ഒരു ഇ-മെയിൽ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആർക്കും മനസ്സിലാകും. രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജൻസിയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗങ്ങളുടെയും ചെയർമാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കോമ്പോസിഷൻ & കണ്ടീഷൻസ് ഓഫ് സർവ്വീസ് ഓഫ് മെമ്പേഴ്സ് & സ്റ്റാഫ്) റഗുലേഷൻസ് പ്രകാരമാണ്. അംഗങ്ങളുടെയും ചെയർമാന്റെയും കാര്യത്തിൽ മന്ത്രിസഭ പരിഗണിച്ച് നൽകുന്ന ശുപാർശകളിൽ ഗവർണ്ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുക. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സർവ്വീസുകളിലേക്കുള്ള നിയമനങ്ങൾ കമ്മീഷൻ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷൻ അതിന്റെ കർത്തവ്യങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിച്ചുവരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണ്. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.