തിരുവനന്തപുരം: ആർസിസിയിലെ മേജർ കമ്പ്യൂട്ടർ സിസ്റ്റത്തെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്നും ആരോഗ്യ ഡാറ്റ സുരക്ഷിതമാണെന്നും മന്ത്രി വീണാ ജോർജ്. രോഗികളുടെ റേഡിയേഷൻ വിവരങ്ങളുൾപ്പെടെ സുരക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്.
സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചു. രണ്ട് കമ്പനിയുടെ സെർവറുകൾക്കു നേരെയാണ് ഏപ്രിൽ 28-ന് സൈബർ ആക്രമണം ഉണ്ടായത്. ആർസിസിയുടെ വെബ്‌സൈറ്റ് സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
ക്രിട്ടിക്കൽ സിസ്റ്റത്തിലേക്ക് ബാധിക്കുന്നതിനു മുമ്പുതന്നെ ഇത് കണ്ടെത്തുകയും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. ആർസിസിയുടെ മേജറായ സിസ്റ്റത്തിനോ സെർവറിനോ നേരേ ആക്രമണമുണ്ടായിട്ടില്ല. ആ തരത്തിലുള്ള സുരക്ഷ അവയ്ക്കുണ്ടായിരുന്നതിനാലാണതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

