കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎസ്സി കോഴ വിവാദം സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കോഴ ആരോപണം ഉയർന്ന് വന്നത് സാധാരണ നേതാവിലേക്കല്ലെന്നും സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ ഇത് ഒരു സാധാരണ അഴിമതി ആരോപണല്ല. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന ആവശ്യവും കെ സുരേന്ദ്രൻ മുന്നോട്ടുവെച്ചു.
അതേസമയം, പിഎസ്സി അംഗ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതികരണം നടത്തിയിരുന്നു. പി എസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന എൻ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്

