പാലക്കാട്: കേരളം കൂടോത്രത്തിന്റേയും നരബലിയുടേയും നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫുമാണ് ഇതിന് ഉത്തരവാദികളെന്നും ഇന്ത്യയിൽ എവിടെയെങ്കിലും നരബലി നടക്കുന്നെങ്കിൽ അത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ കൂടോത്രം ചെയ്യുന്ന പതിവ് എങ്ങനെ വന്നുവെന്ന് അവർ തന്നെ പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കെപിസിസി. അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പരാമർശം.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കെ സുധാകരനും രംഗത്തെത്തിയിരുന്നു. കൂടോത്രം ഇപ്പോൾ കണ്ടെടുത്തത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചുകാലം മുൻപുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.