മണ്ണുമാഫിയ ബന്ധവും അനധികൃത പണപ്പിരിവും; ആറു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മണ്ണുമാഫിയ ബന്ധവും അനധികൃത പണപ്പിരിവും ആരോപിച്ചുള്ള പരാതിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാലു സ്റ്റേഷനുകളിൽ നിന്ന് എഎസ്‌ഐ അടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഭരണപരമായ സൗകര്യത്തിന് വേണ്ടിയെന്നാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോന്നിയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുരേഷ് സി. പണിക്കർ, കൊടുമണിലെ സിപിഒമാരായ പ്രദീപ്കുമാർ, എ.ആർ. അജിത്ത്കുമാർ എന്നിവരെ റാന്നിക്കും കീഴ് വായ്പൂരിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. ജെയ്‌മോനെ പമ്പയിലേക്കും അടൂർ സ്റ്റേഷനിലെ സിപിഓമാരായ എസ്.ശ്രീജിത്ത്, ശ്യാംകുമാർ എന്നിവരെ ചിറ്റാറിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവർക്കെതിരേ നേരത്തേ തന്നെ എസ് പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. വരും ദിനങ്ങളിൽ കൂടുതൽ പേർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് വിവരം.