കോട്ടയം: എഫ്.സി.ഐ. ഗോഡൗണിൽ നിന്ന് ധാന്യം നേരേ റേഷൻകടയിലെത്തണമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യവകുപ്പ്. കേരളത്തിൽ ധാന്യം സപ്ലൈകോ ഗോഡൗണിൽ എത്തിച്ചശേഷം അവിടെ നിന്നാണ് കടകളിലേക്കു പോകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശരാശരി 300 കോടിയോളം രൂപയാണ് സപ്ലൈകോ ഗോഡൗണിൽ നിന്ന് ധാന്യം കൊണ്ടുപോകാൻ ഓരോ വർഷവും സംസ്ഥാനം ചെലവിടുന്നത് ധാന്യം നേരേ കടകളിലെത്തിച്ചാൽ ചെലവ് പകുതിയാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഓരോ മാസവും ഗോഡൗൺ വാടക, കയറ്റിറക്ക്, ചാക്ക് മാറ്റിനിറയ്ക്കൽ, ഗോഡൗൺ മേൽനോട്ടം, വാഹനക്കൂലി എന്നിവയ്ക്കായി 21 കോടി രൂപയാണ് സപ്ലൈകോ മാറ്റിവെക്കുന്നത്. വാതിൽപ്പടി വിതരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാർക്കുള്ള മാസച്ചെലവുമാത്രം ശരാശരി 25 കോടിയാണ്. ചെലവുകൾ സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകണം. എന്നാൽ, 2018 മുതൽ ഇവ പൂർണതോതിൽ കിട്ടുന്നില്ല. 798 കോടിയാണ് കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി വാതിൽപ്പടി റേഷൻ വിതരണത്തിന് അനുവദിച്ചതായി പറയുന്നത്. 710 കോടി ഇക്കാലയളവിൽ ചെലവ് വന്നു. 281.13 കോടി സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതിൽ ഈ കടത്തിനും പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

