ന്യൂഡൽഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം ഇന്ത്യയ്ക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. ടൂർണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുൽ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇന്ത്യ രണ്ടാമത്തെ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു. ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നു. ടീം ഇന്ത്യയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
17 വർഷങ്ങൾക്ക് ശേഷമാണ് ടി 20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്.

