അമർനാഥ് തീർഥാടന യാത്ര; ആദ്യസംഘം പുറപ്പെട്ടു

ശ്രീനഗർ: അമർനാഥ് തീർഥാടന യാത്രയ്ക്കായി ആദ്യസംഘം പുറപ്പെട്ടു. 4603 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ബേസ് ക്യാംപായ ജമ്മുവിലെ ഭഗവതി നഗറിൽ നിന്നു സംഘം യാത്ര തിരിച്ചത്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇത്തവണയും 2 വഴികളിലൂടെയാണ് തീർഥയാത്ര. 48 കി.മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ-പഹൽഗാം വഴിയും 14 കി.മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണു തുറന്ന് നൽകിയിരിക്കുന്നത്. 3880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ. വെള്ളിയാഴ്ച ഉച്ചയോടെ തീർഥാടകരുടെ ആദ്യസംഘം കശ്മീർ താഴ്വരയിൽ എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് തീർഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റേതും ഉൾപ്പടെ വിവിധ അർധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണു തീർഥാടനം നടക്കുന്നത്.