അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ല; രാഷ്ട്രപതി പറയുന്നത് ശരിയല്ലെന്ന് ശശി തരൂർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി ‘ഡ്രഡ്ജ്’ ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. അടിയന്തരാവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന എൻഡിഎ സർക്കാരിന്റെ അവകാശവാദത്തെ താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് എൻഡിഎ സർക്കാർ സംസാരിക്കുന്നത്. താൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നില്ല. താൻ അടിയന്തരാവസ്ഥക്കെതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലം ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഇരുണ്ട അദ്ധ്യായമായിരുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.