തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നീട്ടിക്കൊണ്ടുപോയ മന്ത്രി സജി ചെറിയാനെതിരെ സ്പീക്കർ എ എൻ ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാത്ത സാഹചര്യത്തിലാണ് സ്പീക്കറുടെ പരാമർശം. ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്‌കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷേ, മന്ത്രി അവസാനിപ്പിച്ചില്ല.
പ്രസംഗം നീണ്ടപ്പോൾ വീണ്ടും സ്പീക്കർ ഇടപെട്ടു. ‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു താൻ മടുത്തുവെന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്. വകുപ്പിനെക്കുറിച്ചു പറഞ്ഞശേഷം മന്ത്രി ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി.
തൃശൂരിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു. ‘തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ. ഈ ഫ്‌ളോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ തൃശൂർ വിഷയം ചെറുതായൊന്നു പരാമർശിച്ച ശേഷം മന്ത്രി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

