ന്യൂഡൽഹി: 1975-ൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം. ഇന്ന് ജൂൺ 27 ആണ്. 1975 ജൂൺ 25-ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യം ഇതിനെതിരെ പ്രതിഷേധം ഉയർത്തി. എന്നാൽ, ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേൽ രാജ്യം വിജയിച്ചുവെന്ന് ദ്രൗപദി മുർമു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി പാർലമെന്റിൽ തന്റെ പ്രസംഗം ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും സമ്പദ് വ്യവസ്ഥയുടെ വലുപ്പത്തിൽ 2014-ൽ 11-ാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

