യാക്കോബായ – ഓർത്തഡോക്‌സ് പള്ളിത്തർക്കം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. യാക്കോബായ – ഓർത്തഡോക്‌സ് പള്ളിത്തർക്കവുമായി ബന്ധപ്പെട്ടാണ് വിമർശനം. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സർക്കാർ നടപടികൾ പ്രഹസനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കടുത്ത ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. വിധി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്നായിരുന്നു ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ പരാമർശം.

വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുകയെന്നാണ് കോടതിയുടെ ചോദ്യം. വിധി നടപ്പാക്കാൻ കഴിയുന്നില്ലെന്നാണോ പറയുന്നത്. വിധി നടപ്പിലാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന് വിധി നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരും. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓർക്കണം. പൊലീസ് റിപ്പോർട്ട് പറയുന്നത് അതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വലിയ ക്രമസമാധാന പ്രശ്‌നമാണെന്നും ചിലപ്പോൾ വെടിവെപ്പ് വരെ ആവശ്യമായി വരുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വിശദീകരിച്ചു. ജനങ്ങളിൽ ഒരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ. എന്നിട്ടും തടസം നിന്നാൽ കോടതിയലക്ഷ്യമാകും. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമല്ലേയെന്നും കോടതി ചോദിക്കുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.