കണ്ണൂർ: പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാർട്ടി കമ്മിറ്റികളിൽ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ വീണ വിജയൻ മറുപടി പറയാത്തതെന്തെന്നും എ കെ ബാലനെപ്പോലുളളവർ മറുപടി പറയേണ്ടി വരുന്നത് എന്തുകൊണ്ടെന്നും ചോദ്യം ഉയർന്നു. മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളല്ല മറുപടി പറയേണ്ടതെന്നും വീണ വിജയനാണ് മറുപടി പറയേണ്ടതെന്നും നേതാക്കൾ അറിയിച്ചു.