തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി നടൻ ടിനി ടോം. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയെങ്കിലും സഹപ്രവർത്തകരിടപെട്ട് പിൻവലിപ്പിക്കുകയായിരുന്നുവെന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ തെറ്റായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ഇത്തരമൊരു വാർത്ത എങ്ങനെയാണ് വന്നതെന്നറിയില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ലാലേട്ടൻ മത്സരിക്കുന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അവർ പത്രിക നൽകിയേനെ. ലാലേട്ടൻ ഉള്ളപ്പോൾ അവർ ഒരിക്കലും നിൽക്കില്ല. അവർ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ലാലേട്ടൻ നിൽക്കുന്നുണ്ടെന്നറിഞ്ഞാൽ ആരും എതിരുനിൽക്കില്ല. കേരളത്തിൽ ആരും നിൽക്കില്ല. അങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്നറിയില്ല. അത് തെറ്റായ വാർത്തയാണെന്ന് ടിനി ടോം പറയുന്നു.
അമ്മയിൽ ഏറ്റവും പട്ടിപ്പണിയെടുക്കുന്ന മനുഷ്യനാണ് ഇടവേള ബാബു. 25 വർഷത്തോളമായി അദ്ദേഹം അമ്മയിൽ പ്രവർത്തിക്കുന്നു. പുള്ളി തന്നെയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹമൊന്ന് വിശ്രമിക്കട്ടെയെന്നാണ് ലാലേട്ടൻ വരെ പറഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവർ ജനറൽ സെക്രട്ടറിയായാൽ വലിയ ബുദ്ധിമുട്ടായിരിക്കും. സംഘടനകളുമായി തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. സിനിമയിൽ അഭിനയിക്കുന്നത് നടക്കില്ല. മമ്മൂക്കയോട് ചോദിച്ചിരുന്നു മത്സരിക്കുന്നില്ലേയെന്ന്. മമ്മൂക്ക ഒന്നും തേടിപ്പോകാറില്ല. മമ്മൂക്കയെതേടിയാണ് എല്ലാം വരുന്നത്. മമ്മൂക്ക പറയാറുണ്ട്, സിനിമയ്ക്ക് എന്നെ ആവശ്യമില്ല തനിക്കാണ് സിനിമ ആവശ്യമെന്ന്. എന്നാൽ മമ്മൂക്കയെ തേടിതന്നെയാണ് സിനിമ എത്തുന്നതെന്ന് ടിനി ടോം കൂട്ടിച്ചേർത്തു.

