റഷ്യയിലെ ആരാധനാലയങ്ങളിൽ ആക്രമണം; പോലീസുകാർ ഉൾപ്പെടെ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളിൽ ആക്രമണം. പോലീസുകാർ ഉൾപ്പെടെ നിരവധി പേരാണ് റഷ്യയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് ഉണ്ടായത്.

സംഭവത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭീകരാക്രമാണിതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നത്. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. അക്രമികൾ മുഴുവൻ പിടിയിലായോയെന്ന കാര്യം വ്യക്തമല്ല.

അതേസമയം, ആക്രമണത്തിന് പിന്നിൽ യുക്രെയിനാണെന്ന ചർച്ച ഉയർത്താനാണ് റഷ്യയുടെ നീക്കം. അനൗദ്യോഗികമായി ഇത്തരം ആരോപണങ്ങളും റഷ്യ നടത്തുന്നുണ്ട്.