നക്‌സൽ ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

സുക്മ: ചത്തിസ്ഗഡിൽ നക്‌സൽ ആക്രമണം. കലാപ ബാധിത പ്രദേശമായ സുക്മയിൽ നടന്ന സ്‌ഫോടനത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു. വരിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിലെ ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

റോഡ് ഓപ്പണിങ് പട്രോളിങ്ങിന്റെ ഭാഗമായി ഇരുചക്രവാഹനത്തിലും ട്രക്കിലുമായി സഞ്ചരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. പട്രോളിങ് നടത്തുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ഐഇഡി സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഛത്തീസ്ഗഢിൽ നക്‌സൽ ആക്രമണത്തിൽ രണ്ട് സി.ആർ. പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

സിആർപിഎഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.