കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ രക്ഷപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണ്. സിപിഎമ്മിന്റെ ഉദ്യോഗസ്ഥർ 5600 വോട്ട് ബിജെപിക്ക് ചേർത്ത് കൊടുത്തു. കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേർത്ത് കൊടുത്തത്. ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യുഡിഎഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഏത് ട്രെന്റിലാണ് കേരളത്തിൽ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.