മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,300 കടന്നു. മരണപ്പെട്ടവരിൽ 98 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ച 1,301 പേരിൽ 83 ശതമാനവും അനധികൃത തീർത്ഥാടകരാണെന്നും സൗദി ആരോഗ്യ മന്ത്രി ഫഹ്ദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ വ്യക്തമാക്കിയിട്ടുണ്ട്. 95 തീർത്ഥാടകർ ആശുപത്രികളിൽ ചികിത്സയിൽ കവിയുന്നുണ്ട്. ഇവരിൽ ചിലരെ വിമാന മാർഗം റിയാദിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
മരണപ്പെട്ട പല തീർത്ഥാടകരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണം. മരിച്ചവരെ മക്കയിൽ അടക്കം ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. മരണപ്പെട്ടവരിൽ 600 ഓളം പേർ ഈജിപ്റ്റിൽ നിന്നുള്ളവരാണ്. ഇവരിൽ 31 പേർ ഒഴികെ ബാക്കി എല്ലാവരും അനധികൃത തീർത്ഥാടകരാണെന്നാണ് വിവരം. അനധികൃതമായി തീർത്ഥാടകരെ സൗദിയിലേക്ക് കയറ്റിവിട്ട 16 ട്രാവൽ ഏജൻസികളുടെ ലൈസൻസ് ഈജിപ്റ്റ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. അനധികൃത തീർത്ഥാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരിൽ 165 പേർ ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ്. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുണ്ട്. കടുത്ത ചൂടിൽ നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ചിലർ ഛർദ്ദിച്ച ശേഷം കുഴഞ്ഞുവീണതായും പറയുന്നു. മക്കയിൽ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

