അഭിമാന നേട്ടവുമായി ഐഎസ്ആർഒ; ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയകരം

ബംഗളൂരു: ഐഎസ്ആർഒയ്ക്ക് മറ്റൊരു നേട്ടം കൂടി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയകരം. എക്‌സ് പ്ലാറ്റ് ഫോമിലൂടെ ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ബഹികാശ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണിത്. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ, ആർഎൽവി) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. കർണാടയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്.

‘പുഷ്പക്’ എന്നാണ് ആർഎൽവിയ്ക്ക് പേര് നൽകിയിരുന്നത്. വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് പുഷ്പകിനെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയത്. തറനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാലു കിലോമീറ്റർ അകലെവച്ചും ആർഎൽവിയെ സ്വതന്ത്രമാക്കി. തുടർന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റൺവേയ്ക്ക് സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ തിരശ്ചീന ലാൻഡിംഗ് നടത്തുകയുമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

320 കിലോമീറ്റർ ആയിരുന്നു ലാൻഡിംഗ് വേഗത. എന്നാൽ, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. തുടന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആർഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.