തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് മായാവതി; ദേശീയ കോർഡിനേറ്റർ ചുമതലയും നൽകി

ലഖ്നൗ: തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതലയും അദ്ദേഹത്തിന് തിരിച്ച് നൽകിയിട്ടുണ്ട്. ലഖ്നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.

2023 ഡിസംബറിലാണ് ആദ്യം മായാവതി ആകാശിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്. എന്നാൽ, 2024 മേയിൽ മായാവതി തന്റെ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തു നിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു ഇതിന് മായാവതി നൽകിയ വിശദീകരണം.

സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോഴാണ് ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിച്ചത്. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.