തിരുവനന്തപുരം: അതിദയനീയമായ ഒരു തെരെഞ്ഞെടുപ്പ് തോൽവി അഭീമുഖീകരിച്ചിട്ടും അതിൽ നിന്ന് ഒന്നും പഠിക്കാൻ തയ്യാറല്ല എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ജനവിധിയെ വെല്ലുവിളിക്കുകയുമാണ് കേരളത്തിലെ സി.പി.എമ്മെന്ന് കെ കെ രമ. ടി.പി. കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനെതിരെയാണ് കെ കെ രമയുടെ വിമർശനം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.
പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായാണ് ടി പി കേസിലെ വിചാരണ അവസാനിപ്പിച്ചത്. മാറാട് കോടതിയുടെ വിധി ശരിവെക്കുക മാത്രമല്ല സിപിഎം നേതാക്കളായ കെ.കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും കൂടി ശിക്ഷിക്കുകയും ചെയ്തു ബഹു:കേരള ഹൈക്കോടതി. ഭരണസ്വാധീനമുപയോഗിച്ച് ജയിലിൽ പ്രതികൾക്കൊരുക്കുന്ന സുഖവാസവും അന്യായ പരോളും രൂക്ഷമായി വിധിയിൽ വിമർശിക്കപ്പെട്ടു. ശിക്ഷ വർധിപ്പിക്കുകയും ചെയ്തുവെന്ന് കെ കെ രമ പറഞ്ഞു.
പാനൂരിൽ സിപിഎം പാർട്ടിഗ്രാമത്തിൽ നിർമ്മാണത്തിനിടയിൽ ബോംബ് സ്‌ഫോടനം നടന്ന് പാർട്ടി പ്രവർത്തകൻ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവവും, ടി.പികേസിലെ വിധിയും വീണ്ടും അക്രമരാഷ്ട്രീയവും ടിപി വധവും വടകരയുടെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവ വിഷയങ്ങൾ ആക്കി നിലനിർത്തി.
ടിപി ചന്ദ്രശേഖരന്റെ മണ്ണായതുകൊണ്ട് കൂടിയാണ് വടകര ഷാഫി പറമ്പിലിന് അത്യുജ്ജ്വലവിജയം സമ്മാനിച്ചത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടിക്കുവേണ്ടി വീടുകയറി പ്രചരണം നടത്തുകയും ചുവരെഴുതുകയും ചെയ്ത സഖാക്കൾ പലരും കയ്യറപ്പില്ലാതെ സിപിഎമ്മിന് എതിരെ വോട്ട് ചെയ്തു തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. രക്തസാക്ഷി സ്വപ്നങ്ങളെയും കമ്മ്യൂണിസ്റ്റ് നന്മകളെയും കമ്പോളത്തിൽ വിലപേശി വിൽക്കുന്ന നേതൃത്വത്തിനെതിരെ ചന്ദ്രശേഖരൻ ആരംഭിച്ച കലാപത്തിന്റെ തുടർച്ചക്ക് അവർ അടിയൊപ്പ് ചാർത്തുകയായിരുന്നു.
സ്വന്തം പാർട്ടി അണികളുടെ ഹൃദയ വികാരത്തിന് അല്പമെങ്കിലും മാന്യതയും വിലയും സിപിഎം നേതൃത്വം കൽപ്പിക്കുന്നുണ്ടായിരുന്നെങ്കിൽ വോട്ടെണ്ണലിന്റെ ചൂടാറും മുമ്പ്, ജനവിധി നേടിയവർ സത്യപ്രതിജ്ഞ ചെയ്യും മുൻപ് ടി.പി. കേസിലെ പ്രതികളെ ഇങ്ങനെ കയറൂരി വിടാൻ നോക്കുമായിരുന്നില്ല.
കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്നതറിഞ്ഞിട്ടും സാമാന്യ ബുദ്ധിയുള്ള ഒരാളും അംഗീകരിക്കില്ല എന്ന് അറിഞ്ഞിട്ടും ഇത്രയും നഗ്‌നമായ നീതികേട് നിർവ്വഹിക്കണമെങ്കിൽ കാരണമൊന്നേയുള്ളൂ. ഈ വഴിവിട്ട ആനുകൂല്യങ്ങൾ കൊണ്ട് താഴിട്ടു പൂട്ടാൻ നോക്കുന്ന ടി.പി. കേസ് പ്രതികളുടെ നാവിൻ തുമ്പിലെ രഹസ്യങ്ങൾ നേതൃനിരയിൽ പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്. എല്ലാ കാലവും ഒരു പോലെയാവില്ല. ടി.പി. കേസ് ഗൂഢാലോചനയുടെ സത്യങ്ങൾ നിങ്ങളുടെ അധികാരത്തിന്റെ അന്ധകാരം നീക്കി പുറത്ത് വരിക തന്നെ ചെയ്യുമെന്നും രമ കട്ടിച്ചേർത്തു.