താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു; നിയമലംഘകർക്കെതിരെ കർശന നടപടി

താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ മജ്‌ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോനോവ് ഹിജാബ് നിരോധനം ഉൾപ്പെടെ 35 നിയമങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘അന്യഗ്രഹ വസ്ത്രങ്ങൾ’ എന്നു വിശേഷിപ്പിച്ചാണ് നിർദ്ദിഷ്ട ബിൽ ഹിജാബ് നിരോധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ രാജ്യത്ത് ഇസ്ലാമിക സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നു. താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ഇക്കഴിഞ്ഞ മെയ് എട്ടിന് ശരിവെച്ചിരുന്നു. തുടർന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികൾക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നവരെ ആശീർവദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം.

പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കുന്നതാണ്. വ്യക്തികൾ നിയമം ലംഘിച്ചാൽ 7,920 സോമോനി (62,398 രൂപ) പിഴ നൽകണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കിൽ 39,500 സോമോനി ( 3,11,206 രൂപ) വരെ പിഴ ചുമത്തുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അതിലും കൂടുതലായിരിക്കും പിഴയായി നൽകേണ്ടി വരുന്നത്.

നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാർക്ക് 57,600 സോമോനിയും (4,53,809) പിഴ നൽകേണ്ടിവരും. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബർട്ടിയുടെ താജിക് സർവീസായ റേഡിയോ ഓസോഡിയിൽ താജിക് മതകാര്യസമിതി മേധാവി സുലൈമാൻ ദവ്‌ലത്സോഡ അറിയിച്ചിരുന്നു.