കുവൈത്തിലെ തീപിടുത്തം; ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വിസയിൽ എത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വിസയിൽ കുവൈത്തിൽ എത്തിക്കും. കമ്പനി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു പോകേണ്ടവർക്ക് അതിനും സൗകര്യം ഒരുക്കുമെന്നും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോയവർക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നു. മരിച്ചവരുടെ അനന്തരാവകാശിക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട് എന്നിവയും മറ്റു സഹായങ്ങളും നൽകും. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമായി 8 ലക്ഷം രൂപ അനുവദിച്ചു. സംസ്‌കാര ചെലവുകൾക്കായി 25,000 രൂപയും നൽകി. അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപെട്ടവർക്ക് ചികിത്സാ സഹായവും നൽകും. ഈ കെട്ടിടത്തിൽ താമസിച്ചിരുന്നവർക്ക് വസ്ത്രം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി 50 ദിനാർ (13,100 രൂപ) നൽകും. താമസക്കാർക്ക് കൗൺസലിങ്ങും നൽകിവരുന്നുണ്ട്.