പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം; ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി രാഷ്ട്രപതി

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി രാഷ്ട്രപതി ദ്രൗപദി മുർമു. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് ദ്രൗപതി മുർമു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലോക്‌സഭയിൽ ഈ മാസം 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. പ്രോ ടൈം സ്പീക്കറാണ് ഇത് നിയന്ത്രിക്കേണ്ടത്.

പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മഹ്താബ് മേൽനോട്ടം വഹിക്കുക ഭർതൃഹരിയായിരിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ് ഭർതൃഹരി. നിലവിൽ ലോക്സഭയിലെ മുതിർന്ന അംഗം എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ്.

അതേസമയം, ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് പ്രോടേം സ്പീക്കറാകേണ്ടിയിരുന്നത്. എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാർ മന്ത്രിയായിനാൽ കൊടിക്കുന്നിലായിരുന്നു ചുമതല കിട്ടേണ്ടതെന്നും പകരം ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.