ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു. രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ മാത്രം 34 പേർ മരിച്ചതോടെയാണ് കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നത്. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തിൽ സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉഷ്ണതരംഗ കേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.
അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും ഉപകരണങ്ങളും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.

