പ്യോംഗ്യാംഗ്: ഉത്തരകൊറിയയിൽ സന്ദർശനത്തിനെത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 24 വർഷങ്ങൾക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽ എത്തിയിരിക്കുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. കിം ജോഗ് ഉൻ ആലിംഗനത്തോടെയായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് സ്വീകരണം നൽകിയത്. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ റഷ്യ വിലക്കുകൾ നേരിടുന്നുണ്ട്.
ഇതോടെ പുതിയ സൗഹൃദം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് പുടിൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ യാത്രയെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.
പുടിന്റെ ഉത്തരകൊറിയ സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളും ചില അതിപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിലെ സഹകരണം ഉറപ്പിക്കാനുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.