ബോംബ് നിർമ്മാണത്തിന് സന്നദ്ധ പ്രവർത്തനം എന്ന് പേരിട്ടവരാണ് സിപിഎം; വി ഡി സതീശൻ

തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിന് സന്നദ്ധ പ്രവർത്തനം എന്ന് പേരിട്ടവരാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും, പിന്നീട് രക്തസാക്ഷികളാക്കും. ഇതാണ് സിപിഎമ്മിന്റെ പതിവ് രീതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇവരൊക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബോംബ് നിർമാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സിപിഎമ്മിന് ചിഹ്നം പോയാൽ എ കെ ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.