രാജ്യസഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ നിന്നും 3 പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്ന മൂന്ന് സീറ്റുകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഹാരിസ് ബീരാൻ (ഇൻഡ്യൻ യൂണിയൻ മുസ്ലീ ലീഗ്) , ജോസ് കെ.മാണി (കേരള കോൺഗ്രസ് (എം)), പി.പി. സുനീർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ) എന്നീ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു.

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന മൂന്ന് അംഗങ്ങളുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതിനെത്തുടർന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്കാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദേശപകത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നത് വരെ മറ്റാരും പത്രിക സമർപ്പിച്ചിരുന്നില്ല. ഇതോടെ ഇവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള കോൺഗ്രസ് (എം) ചെയർമാനാണ് ജോസ് കെ മാണി. സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സിസി പ്രസിഡന്റുമാണ് ഹാരിസ് ബീരാൻ. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് സുനീർ.