കൊച്ചി: രാസവസ്തുക്കളുടെ അമിത സാന്നിധ്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് റിപ്പോർട്ട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) സംഭവത്തെ കുറിച്ച് അന്വേഷിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാതാളം ബണ്ട് തുറന്നതിനു പിന്നാലെ വെള്ളത്തിൽ അടിഞ്ഞ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്‌സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ അറിയിച്ചത്.
ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. രാസമാലിന്യങ്ങൾ കലർന്നിട്ടാണ് മീനുകൾ ചത്തു പൊങ്ങിയത് എന്നാണ് വെള്ളത്തിന്റെ സാംപിളിൽ നിന്നും കുഫോസ് കണ്ടെത്തിയിരുന്നത്. ഇത് തന്നെയാണ് മീനുകളുടെ പരിശോധനയിലും ശരിവച്ചിട്ടുള്ളത്. പെരിയാറിന്റെ കരയിലെ വ്യവസായ സ്ഥാപനങ്ങളിൽ രാസമാലിന്യങ്ങളാണ് വെള്ളത്തിൽ കലർന്നിട്ടുള്ളതെന്നും എന്നാൽ തങ്ങളല്ല അക്കാര്യം പരിശോധിക്കേണ്ടതെന്നും കുഫോസ് വൃത്തങ്ങൾ അറിയിച്ചു.