കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരിക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി. പോലീസ് ഇക്കാര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത്, എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉൾക്കൊള്ളിച്ച് ക്രൈം നം. 607/2024 ആയി തലശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിൽ സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്ഫോടക വസ്തുക്കളുടെ നിർമ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരന്തരം റെയ്ഡുകൾ നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടത്തിവരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചില മേഖലകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് കൂടുതൽ ഊർജ്ജിതമായ പരിശോധനകൾ നടത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.