ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഇതോടെ വയനാട് മത്സരിക്കാനായി പ്രിയങ്കാ ഗാന്ധി എത്തും. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേണ്ടിയാണ് പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലും മത്സരിച്ച അദ്ദേഹം രണ്ടിടത്തും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിർത്താനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസിന്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു.
അതേസമയം, ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.