മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മാത്യു കുഴൽനാടൻ എംഎൽഎയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രി, മകൾ വീണ വിജയൻ, സിഎംആർഎൽ അടക്കമുള്ള എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാത്യു കുഴൽനാടന്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതി അറിയിച്ചിരുന്നത്.

ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറഞ്ഞിരുന്നു. മാത്യു കുഴൽനാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിച്ചിരുന്നു. വിജിലൻസ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്.