തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ നടപടികൾക്കൊരുങ്ങി സിപിഎം. 20 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സിപിഎം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു. ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. ആലത്തൂരിലെ ഒരു സീറ്റിൽ മാത്രമാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത്. മറ്റെല്ലാ മണ്ഡലങ്ങളിലും സിപിഎം പരാജയപ്പെടുകയായിരുന്നു.
സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം ഇത്തവണ വോട്ടു കുറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് പിബിയുടെ തീരുമാനം.

