ബർഗൻസ്റ്റോക്ക്: സ്വിറ്റ്സർലണ്ടിൻ ചേർന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയ്ക്ക് സമാപനം. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും റഷ്യ ഇതിൽ നിന്നും വിട്ടു നിന്നിരുന്നു. യുക്രെയ്ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്നതായിരുന്നു ഉച്ചകോടി ആവശ്യപ്പെട്ടത്.
തൊണ്ണൂറിലേറെ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണിത്. സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.